വന്നു വാങ്ങുക!
ഞങ്ങളുടെ വീടിനു പിന്നിലുള്ള മുന്തിരിവള്ളി പടര്‍ന്ന വേലിക്കു മുകളിലൂടെ ഞാന്‍ എത്തിനോക്കി. ഞങ്ങളുടെ വീടിനു പുറകിലുള്ള പാര്‍ക്കിനു ചുറ്റും നിര്‍മ്മിച്ചിട്ടുള്ള ട്രാക്കിലൂടെ ആളുകള്‍ ഓടുകയും ജോഗ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്ക് ആരോഗ്യമുണ്ടായിരുന്നപ്പോള്‍ ഞാനും അത് ചെയ്തിരുന്നു, എന്നു ഞാന്‍ ചിന്തിച്ചു. നിരാശയുടെ ഓളങ്ങള്‍ എന്നെ വല്ലാതെ മൂടി.
പിന്നീട്, വചനം വായിച്ചുകൊണ്ടിരുന്നപ്പോള്‍ യെശയ്യാവ് 55:1 എന്റെ ശ്രദ്ധയാകര്‍ഷിച്ചു, 'അല്ലയോ ദാഹിക്കുന്ന ഏവരും... വരുവിന്‍.'' അസംതൃപ്തി (ദാഹം) ആണ് ഈ ജീവിതത്തിന്റെ നിയമം അല്ലാതെ ഒഴിവാക്കലല്ല എന്നു ഞാന്‍ ഗ്രഹിച്ചു.
ഒന്നും, ജീവിതത്തിലെ നല്ല കാര്യങ്ങള്‍പോലും പൂര്‍ണ്ണ സംതൃപ്തി നല്‍കുകയില്ല. ഒരു ഷേര്‍പ്പായെപ്പോലെ (പര്‍വ്വതാരോഹക സഹായി) ശക്തമായ കാലുകള്‍ എനിക്കുണ്ടെങ്കിലും എന്നെ അസന്തുഷ്ടനാക്കുന്ന മറ്റെന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടായിരിക്കും.
നാം ചെയ്യുന്നതും, വാങ്ങുന്നതും ധരിക്കുന്നതും സ്‌പ്രേ ചെയ്യുന്നതും പുരട്ടുന്നതും സഞ്ചരിക്കുന്ന വാഹനവും നമുക്ക് അന്തമില്ലാത്ത സന്തോഷം തരും എന്ന് നമ്മുടെ സംസ്‌കാരം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അതൊരു നുണയാണ്. നാം ചെയ്യുന്നത് എന്ത് തന്നെയായാലും ഇവിടെ ഇപ്പോഴുള്ള ഒന്നില്‍ നിന്നും നമുക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിക്കുകയില്ല.
മറിച്ച്, ദൈവം പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ ദൈവത്തിങ്കലേക്കും തിരുവചനത്തിങ്കലേക്കും വീണ്ടും വീണ്ടും വരുവാന്‍ യെശയ്യാവ് നമ്മെ ക്ഷണിക്കുന്നു. അവന്‍ എന്താണ് പറയുന്നത്? പഴയകാലത്തെ ദാവീദിനോടുള്ള അവന്റെ സ്‌നേഹം ശാശ്വതവും വിശ്വസ്തവും ആയിരുന്നു (വാ. 3). നമ്മോടും അങ്ങനെ തന്നെയാണ്! നമുക്ക് അവന്റെ അടുത്ത് 'വരുവാന്‍'' കഴിയും.
ചെറുതെങ്കിലും പ്രാധാന്യമുള്ളത്
എന്നത്തേയും പോലെയാണ് ആ ദിവസവും ആരംഭിച്ചതെങ്കിലും ഒരു പേടിസ്വപ്നം പോലെയാണത് അവസാനിച്ചത്. എസ്‌തേറിനെയും (ശരിയായ പേരല്ല) മറ്റു നൂറുകണക്കിന് സ്ത്രീകളെയും ഒരു മതതീവ്രവാദ സംഘടന അവരുടെ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി. ഒരു മാസത്തിനുശേഷം എല്ലാവരെയും വിട്ടയച്ചു - എസ്ഥേറിനെ ഒഴികെ. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ അവള്‍ വിസമ്മതിച്ചതാണു കാരണം. വിശ്വാസത്തിനു വേണ്ടി പീഡിപ്പിക്കപ്പെട്ട അവളെയും മറ്റുള്ളവരെയും കുറിച്ച് ഞാനും എന്റെ സ്‌നേഹിതയും വായിച്ചപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു. എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങളാഗ്രഹിച്ചു.
പക്ഷേ, എന്ത്?
കൊരിന്തിലെ സഭയ്‌ക്കെഴുതുമ്പോള്‍, ആസ്യ പ്രവിശ്യയില്‍ വെച്ച് താന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് പങ്കുവയ്ക്കുന്നുണ്ട്. പീഡനം അതികഠിനമായിരുന്നതിനാല്‍ 'ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്'' (2 കൊരിന്ത്യര്‍ 1:8) താനും കൂട്ടാളികളും ആയിത്തീര്‍ന്നു എന്നവന്‍ എഴുതി. എന്നിരുന്നാലും വിശ്വാസികളുടെ പ്രാര്‍ത്ഥന പൗലൊസിന് തുണയായി (വാ. 11). കൊരിന്ത്യസഭ പൗലൊസില്‍ നിന്നും വളരെ ദൂരെയായിരുന്നെങ്കിലും അവരുടെ പ്രാര്‍ത്ഥന ഫലവത്തായിരുന്നു, ദൈവം അത് കേട്ടു. ഇവിടെയാണ് അതിശയകരമായ ഒരു മര്‍മ്മം ഉള്ളത്: പരമാധികാരിയായ ദൈവം തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കുന്നതിനായി നമ്മുടെ പ്രാര്‍ത്ഥനകളെ ഉപയോഗിക്കുന്നു.
എന്തൊരു ഭാഗ്യപദവിയാണത്!
തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കഷ്ടത സഹിക്കുന്ന ക്രിസ്തുവില്‍ നമ്മുടെ സഹോദരീ സഹോദരന്മാരെ ഇന്നു നമ്മുടെ പ്രാര്‍ത്ഥനയില്‍ നമുക്കോര്‍ക്കാന്‍ കഴിയും. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പീഡിക്കപ്പെടുന്നവര്‍, മര്‍ദ്ദനമേല്‍ക്കുന്നവര്‍, ഉപദ്രവം സഹിക്കുന്നവര്‍, ക്രിസ്തുവിലെ വിശ്വാസം നിമിത്തം കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയും. അവര്‍ ദൈവീകാശ്വാസവും ധൈര്യവും അനുഭവിക്കേണ്ടതിനും ക്രിസ്തുവില്‍ ഉറപ്പോടെ നില്‍ക്കുമ്പോള്‍ പ്രത്യാശയാല്‍ ശക്തിപ്പെടേണ്ടതിനും അവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
വെറുതെ കാത്തിരിക്കുന്നതിലുമധികം
റോഡില്‍ നിന്നും നടപ്പാതയിലേക്കു കയറ്റി കാറോടിച്ചതിന് ഒരു സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ഇറക്കിക്കൊണ്ടിരുന്ന ഒരു സ്‌കൂള്‍ ബസിനു പിന്നില്‍ കാത്തുനില്‍ക്കാന്‍ മനസ്സില്ലാത്തതുകൊണ്ടാണ് അവള്‍ ഈ സാഹസത്തിനു മുതിര്‍ന്നത്.
കാത്തിരിപ്പ് നമ്മെ അക്ഷമരാക്കും എന്നതു സത്യമായിരിക്കുമ്പോള്‍ തന്നേ, കാത്തിരിപ്പില്‍ ചെയ്യാനും പഠിക്കാനും കഴിയുന്ന നല്ല കാര്യങ്ങള്‍ ഉണ്ട്. 'യെരുശലേം വിട്ടുപോകരുത്' (പ്രവൃ. 1:4) എന്നു ശിഷ്യന്മാരോടു പറഞ്ഞപ്പോള്‍ യേശു ഇക്കാര്യം അറിഞ്ഞിരുന്നു. 'പരിശുദ്ധാത്മാവു കൊണ്ടുള്ള സ്‌നാനത്തിനായി'' അവര്‍ കാത്തിരിക്കുകയായിരുന്നു (വാ. 5).
ആവേശത്തിന്റെയും പ്രതീക്ഷയുടെയുമായ ഒരു അവസ്ഥയില്‍ മാളിക മുറിയില്‍ കൂടിയിരുന്ന അവരോട് കാത്തിരിക്കാന്‍ യേശു പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ ഇരിക്കുക എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത് എന്നവര്‍ മനസ്സിലാക്കി. അവര്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിച്ചു (വാ. 14): വചനം പറയുന്നതുപോലെ, യൂദായുടെ സ്ഥാനത്തേക്ക് പുതിയൊരു ശിഷ്യനെ അവര്‍ തിരഞ്ഞെടുത്തു (വാ. 26). ആരാധനയിലും പ്രാര്‍ത്ഥനയിലും അവര്‍ ഐകമത്യപ്പെട്ടപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങിവന്നു (2:1-4).
ശിഷ്യന്മാര്‍ വെറുതെ കാത്തിരിക്കുകയായിരുന്നില്ല. അവര്‍ തയ്യാറെടുക്കുകയായിരുന്നു. നാം ദൈവത്തിനായി കാത്തിരിക്കുമ്പോള്‍, ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്നോ അല്ലെങ്കില്‍ അക്ഷമരായി മുന്നോട്ട് കുതിക്കുക എന്നോ അല്ല അര്‍ത്ഥം. മറിച്ച് അവന്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും കൂട്ടായ്മ ആസ്വദിക്കാനും നമുക്ക് കഴിയും. കാത്തിരിപ്പ് നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും ശരീരങ്ങളെയും വരാന്‍ പോകുന്ന കാര്യത്തിനായി ഒരുക്കും.
അതേ, കാത്തിരിക്കാന്‍ ദൈവം നമ്മോടാവശ്യപ്പെടുമ്പോള്‍, നമുക്ക് അവനിലും നമുക്കുവേണ്ടി അവന്‍ തയ്യറാക്കുന്ന പദ്ധതികളിലും നമുക്കാശ്രയിക്കാം കഴിയും എന്നറിഞ്ഞുകൊണ്ട് നമുക്ക് ആവേശഭരിതരാകാം.
അയല്പക്കത്തിനുമപ്പുറം
2017 വേനല്‍ക്കാലത്ത്, ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് യു.എസിന്റെ ഗള്‍ഫ് തീരത്ത് വന്‍ നാശനഷ്ടങ്ങളും ദാരുണമാംവിധം ജീവഹാനിയും വരുത്തുകയുണ്ടായി. അടിയന്തിരാവശ്യത്തിലിരിക്കുന്നവര്‍ക്ക് അനേകയാളുകള്‍ ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും നല്‍കുകയുണ്ടായി.
മെരിലാന്‍ഡിലെ ഒരു പിയാനോ സ്‌റ്റോറിന്റെ ഉടമയ്ക്ക് കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ പ്രേരണയുണ്ടായി. സകലവും നഷ്ടപ്പെട്ട ആളുകളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും പ്രത്യേക നിലയില്‍ സൗഖ്യം നല്‍കുന്നതിനും സംഗീതത്തിനുള്ള പ്രത്യേക കഴിവിനെക്കുറിച്ചദ്ദേഹം ചിന്തിച്ചു. അതിനെത്തുടര്‍ന്ന് അദ്ദേഹവും സ്റ്റാഫും പഴയ പിയാനോകള്‍ നന്നാക്കി, എവിടെയാണ് ഏറ്റവും കൂടുതല്‍ ആവശ്യം എന്നന്വേഷിച്ചു. ആ വസന്തകാലത്ത്, ഡീന്‍ ക്രാമറും ഭാര്യ ലോയിസും ട്രക്കില്‍ നിറയെ സൗജന്യ പിയാനോകളുമായി ടെക്‌സസിലെ ഹ്യൂസ്റ്റണിലേക്ക് യാത്ര ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സഭകള്‍ക്കും സ്‌കൂളുകള്‍ക്കും അവ വിതരണം ചെയ്തു. അവരത് നന്ദിയോടെ ഏറ്റുവാങ്ങി.
അയല്‍ക്കാരന്‍ എന്ന പദത്തിന് സമീപം പാര്‍ക്കുന്നവന്‍ അല്ലെങ്കില്‍ കുറഞ്ഞപക്ഷം നമുക്കറിയാവുന്ന ആള്‍ എന്നാണര്‍ത്ഥമെന്ന് നാം ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ലൂക്കൊസ് 10 ല്‍ നമ്മുടെ അയല്‍ക്കാരോടുള്ള നമ്മുടെ സ്‌നേഹത്തിന് അതിരുകള്‍ ഉണ്ടാകരുതെന്നു പഠിപ്പിക്കുന്നതിനായി നല്ല ശമര്യക്കാരന്റെ ഉപമ യേശു പറഞ്ഞു. ശമര്യയില്‍ നിന്നുള്ള മനുഷ്യന്‍ മുറിവേറ്റ അപരിചിതന് സൗജന്യമായി നല്‍കി - ആ മനുഷ്യന്‍ ശമര്യരുമായി നല്ല ബന്ധത്തിലല്ലായിരുന്ന ഒരു യെഹൂദന്‍ ആയിരുന്നിട്ടു കൂടി (വാ. 25-37).
എന്തുകൊണ്ടാണ് ഈ പിയാനോകളെല്ലാം സൗജന്യമായി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ ഡീന്‍ ക്രാമര്‍ ലളിതമായി വിശദീകരിച്ചു: 'നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കാന്‍ നമ്മോട് പറഞ്ഞിരിക്കുന്നു. യേശുവാണ് പറഞ്ഞത്, ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്‌നേഹിക്കുന്നതിലും വലിയ കല്പന വേറെയില്ല എന്ന് (മര്‍ക്കൊസ് 12:31).
അകലെ പ്രാര്‍ത്ഥിക്കുക
കെവിന്‍ കണ്ണ് തുടച്ചുകൊണ്ട് എന്റെ ഭാര്യ കേരിക്ക് വായിക്കാനായി ഒരു കടലാസ് തുണ്ട് നീട്ടി. ഞങ്ങളുടെ മകള്‍ യേശുവിലുള്ള വിശ്വാസത്തിലേക്കു മടങ്ങിവരുന്നതിനായി കേരിയും ഞാനും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് കെവിനറിയാം. 'എന്റെ അമ്മയുടെ മരണശേഷം അവളുടെ ബൈബിളില്‍ നിന്നു കിട്ടിയതാണ് ഈ കുറിപ്പ്. ഇത് നിങ്ങളെ ധൈര്യപ്പെടുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു' അവന്‍ പറഞ്ഞു. കുറിപ്പിന്റെ മുകളില്‍ ഇപ്രകാരം എഴുതിയിരുന്നു, 'എന്റെ മകന്‍ കെവിനുവേണ്ടി.' അതിന്റെ താഴെ അവന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു.
'ഇന്നു ഞാനിത് എന്റെ ബൈബിളില്‍ കൊണ്ട് നടക്കുന്നു'' കെവിന്‍ വിശദീകരിച്ചു, 'എന്റെ അമ്മ എന്റെ രക്ഷയ്ക്കുവേണ്ടി മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഞാന്‍ ദൈവത്തില്‍ നിന്നും അകലെയായിരുന്നു, ഇപ്പോള്‍ ഞാനൊരു വിശ്വാസിയാണ്.' അവന്‍ ആകാംക്ഷയോടെ ഞങ്ങളെ നോക്കി. എന്നിട്ട് കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു: 'നിങ്ങളുടെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിര്‍ത്തരുത്, അതിനെത്ര കാലതാമസമുണ്ടായാലും.''
അവന്റെ പ്രോത്സാഹനത്തിന്റെ വാക്കുകള്‍, ലൂക്കൊസിന്റെ സുവിശേഷത്തില്‍ യേശു പ്രാര്‍ത്ഥനയെക്കുറിച്ചു പറഞ്ഞ ഒരു ഉപമയുടെ ആമുഖത്തിലേക്ക് എന്റെ ചിന്തയെ തിരിച്ചു. 'മടുത്തു പോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നതിന് അവന്‍ അവരോട് ഒരു ഉപമ പറഞ്ഞത്,'' (ലൂക്കൊസ് 18:1).
ഈ ഉപമയില്‍, തന്നെ കൂടുതല്‍ അസഹ്യപ്പെടുത്താതിരിക്കുന്നതിനു വേണ്ടി മാത്രം അപേക്ഷയ്ക്ക് പരിഹാരം ഉണ്ടാക്കുന്ന 'അനീതിയുള്ള ന്യായാധിപനെയും'' (വാ. 6) നമ്മുടെ ആവശ്യങ്ങളില്‍ ആഴമായി കരുതലുള്ളവനും നാം അവങ്കലേക്കു ചെല്ലുവാന്‍ ആഗ്രഹിക്കുന്നവനുമായ സല്‍ഗുണപൂര്‍ണ്ണനായ സ്വര്‍ഗ്ഗീയ പിതാവിനെയും താരതമ്യം ചെയ്യുന്നു. നാം പ്രാര്‍ത്ഥിക്കുന്ന സമയത്ത്, ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വാഗതം ചെയ്യുകയും ചെയുന്നു എന്നുള്ളതില്‍ നമുക്ക് ധൈര്യപ്പെടാം.